May 3, 2024

എന്‍ ഊര് ടൂറിസം പദ്ധതിക്കെതിരെ എതിര്‍പ്പുമായി പ്രകൃതി സംരക്ഷണ സമിതി

0

കല്‍പറ്റ-കുന്നത്തിടവക വില്ലേജില്‍ പൂക്കോട് ഡയറി പ്രൊജക്ടിന്റെ ഭാഗമായിരുന്ന ഭൂമിയില്‍ എന്‍ ഊര് എന്ന പേരില്‍ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയെ എതിര്‍ത്ത് വയനാട് പ്രകൃതി സംരക്ഷണ സമിതി.ഡി ഡിസര്‍വ് ചെയ്യാത്തതും പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ വനഭൂമിയില്‍ നിയമവിരുദ്ധമായി ആദിവാസികളെ മറയാക്കി ടൂറിസം പദ്ധതി  നടപ്പിലാക്കുന്നതു തടയണമെന്നു ആവശ്യപ്പെട്ടു പ്രകൃതി സംരക്ഷണ സമിതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം നല്‍കി.ടുറിസം പദ്ധതിക്കായി വനഭുമിയില്‍ ഇതിനകം നടത്തിയ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണമെന്നും വസ്തുതകള്‍ നേരില്‍ ബോധ്യപ്പെടുന്നതിനു കേന്ദ്ര മന്ത്രാലയം പ്രതിനിധികള്‍ സ്ഥലസന്ദര്‍ശനം നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.2018,2019 വര്‍ഷങ്ങളിലെ മഴക്കാലത്തു പൂക്കോട് മലവാരത്തു നിരവധി ഇടങ്ങളില്‍ ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ആദിവാസികളുടെ ഉപജീവനത്തിനും ഉന്നമനത്തിനും ഉതകാത്ത ടൂറിസം പദ്ധതി പരിസ്ഥിതിക്കു കനത്ത ആഘാതം ഏല്‍പ്പിക്കുകയും സാമൂഹിക വിപത്തുകള്‍ക്കു കാരണമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിവേദനം നല്‍കിയതെന്നു പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍  പറഞ്ഞു. 
അടിമവേലയില്‍നിന്നു മോചിപ്പിച്ച ഭൂരഹിത ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനു ആസൂത്രണം ചെയ്ത പൂക്കോട് ഡയറി പ്രൊജക്ടിനു ഉപയോഗപ്പെടുത്തുന്നതിനു കുന്നത്തിടകവ വില്ലേജില്‍ റിസര്‍വേ നമ്പര്‍ 172ല്‍പ്പെട്ട 531.1675 ഹെക്ടര്‍ വനഭൂമി  കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 1978ല്‍  കേരള സര്‍ക്കാരിനു കൈമാറിയിരുന്നു. ഇത്രയും ഭൂമിക്കു നെറ്റ് പേര്‍സന്റ് വാല്യു ആയി സംസ്ഥന സര്‍ക്കാര്‍ അടയ്‌ക്കേണ്ടിയിരുന്ന ഏകദേശം 500 കോടി രൂപ സൂപ്രീം കോടതി ഒഴിവാക്കിക്കൊടുക്കയുമുണ്ടായി.പദ്ധതി ആദിവാസി പുനരധിവാസത്തിനാണെന്നതു കണക്കിലെടുത്തായിരുന്നു ഇത്. 
കൊട്ടിഘോഷങ്ങളോടെ തുടങ്ങുകയും പിന്നീട് ലക്ഷ്യംകാണാതെ  ഉപേക്ഷിക്കുകയും ചെയ്ത പൂക്കോട് ഡയറി പ്രൊജക്ട് ഭൂമിയില്‍ 100 ഹെക്ടര്‍  റവന്യൂ വകുപ്പ് മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍  സഹകരണ സംഘത്തിനു കൈമാറി.കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയ്ക്കു  വിട്ടുകൊടുത്ത 100  ഏക്കര്‍ ഭൂമിയും പൂക്കോട് ഡയറി പ്രൊജക്ടില്‍ ഉള്‍പ്പെട്ടതാണ്. 
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍  സഹകരണ സംഘത്തിനു കൈമാറിയ ഭൂമിയിലാണ് മാനന്തവാടി സബ്കലക്ടര്‍ അധ്യക്ഷനായ ചാരിറ്റബിള്‍ സൊസൈറ്റി എന്‍ ഊരു ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.ഗോത്ര ജീവിതത്തെയും സംസ്‌കൃതിയെയും സഞ്ചാരികള്‍ക്കു പരിചയപ്പെടുത്തുന്നതിനും ആദിവാസികള്‍ക്കു തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതിനുനാണ് എന്‍ ഊരു പദ്ധതിയെന്നാണ്  അധികൃത ഭാഷ്യം.പദ്ധതിയുടെ ഭാഗമായി ഭൂമി തരം മാറ്റലും നിര്‍മാണങ്ങളും ഇതിനകം നടന്നു. 
ഡി ഡിസര്‍വ് ചെയ്യാത്ത വനഭൂമിയില്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍മാണ പദ്ധതികള്‍ നടപ്പിലാക്കുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്നതാണ് 1980ലെ വന സംരക്ഷണ നിയമത്തിലെ സെക്ഷന്‍ രണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നേടാതെയാണ് എന്‍ ഊരു പദ്ധതിക്കായി വിവിധ പ്രവൃത്തികള്‍ നടത്തിയത്.
പുല്‍മേടുകളും ചോലക്കാടും ഉള്‍പ്പെടുന്നതാണ് ടൂറിസം പദ്ധതി നടപ്പിലാക്കുന്ന ഭൂമി. സമുദ്രനിരപ്പില്‍നിന്നു ഏകദേശം 1,100 അടി ഉയരത്തിലാണിത്.പശ്ചിമഘട്ട സംക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍,കസ്തുരി രംഗന്‍ കമ്മിറ്റികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പരിസ്ഥിതി ദുര്‍ബലമായാണ് ഈ പ്രദേശത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്.മലബാര്‍ വന്യജീവി സങ്കേതത്തിന്റെ നിര്‍ദിഷ്ട പരിസ്ഥിതിലോല മേഖലയിലും ഈ ഭൂമി ഉള്‍പ്പെടും.കാവേരി നദിയുടെ കൈവഴിയായ കബനി നദിയിലേക്കുള്ള  നിരവധി ജലപ്രവാഹങ്ങളുടെ ഉദ്ഭവസ്ഥാനവും അപൂര്‍വയിനങ്ങളില്‍പ്പെട്ടതടക്കം സസ്യ-ജന്തു ജാലങ്ങളും  ആവാസവ്യവസ്ഥയുമാണ്  പൂക്കോട് മലവാരം. 
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പൂക്കോട് മലവാരത്തു നടത്തുന്ന നിര്‍മാണങ്ങള്‍ പരിസ്ഥിതി സംഘടനകളുടെ പരാതിയെ തുടര്‍ന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2014 നവംബര്‍ 20നു തടയുകയുണ്ടായി. കൈവശഭൂമിയില്‍ സര്‍വകലാശാല നടത്തിയ  നിര്‍മാണങ്ങള്‍ക്കെതിരെ പ്രകൃതി സംരക്ഷണ സമിതി നല്‍കിയ കേസ് സുപ്രീം കോടതിയിയില്‍ നിലനില്‍ക്കുകയാണ്. 2012 ഡിസംബര്‍ 27നു പൂക്കോടു തടാകവും  പരിസര പ്രദേശങ്ങളും  പരിസ്ഥിതികാര്യങ്ങള്‍ക്കുള്ള നിയമസഭാസമിതി സന്ദര്‍ശിച്ചിരുന്നു. പൂക്കോടു മലവാരത്തു നിര്‍മാണങ്ങള്‍ നിരോധിക്കണമെന്നും വന സംരക്ഷണം കാര്യക്ഷമാക്കണമെന്നുമാണ്  സമിതി അഭിപ്രായപ്പെട്ടത്. ഇക്കാര്യങ്ങളും വിശദീകരിക്കുന്നതാണ്  പ്രകൃതി സംരക്ഷണ സമിതിയുടെ നിവേദനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *