April 27, 2024

രാജ്യത്തെ ആദ്യ സൗരോര്‍ജ ടൂറിസ്റ്റ് മിനിയേച്ചര്‍ ട്രെയിന്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

0
Img 20201102 Wa0255.jpg
അര്‍ബന്‍ പാര്‍ക്കും നീന്തല്‍ക്കുളവും ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിന്‍റെ സമഗ്ര വികസനത്തിന്‍റെ ഭാഗമായി നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ സൗരോര്‍ജ ടൂറിസ്റ്റ് മിനിയേച്ചര്‍ റെയില്‍വേ മുഖ്യമന്ത്രി  പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി പൂര്‍ത്തീകരിച്ച അര്‍ബന്‍ പാര്‍ക്ക്, നീന്തല്‍ക്കുളം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 
വേളിയെ അന്താരാഷ്ട്ര നിലവാരമുള്ള ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടൂറിസ്റ്റുകളെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്ന സംസ്കാരം പൊതുവേ വളര്‍ത്തിയെടുക്കേണ്ടതാണെന്നും അത് ടൂറിസത്തിന്‍റെ വിജയ ഘടകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 വേളിയുടെ കാര്യത്തില്‍ സര്‍ക്കാരിന് സവിശേഷ ശ്രദ്ധയുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ പ്രകൃതിഭംഗി ട്രെയിന്‍ യാത്രയിലൂടെ ആസ്വദിക്കാനുള്ള സൗകര്യം ഒരുങ്ങുന്നത്. പത്തുകോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മിനിയേച്ചര്‍ റെയില്‍വേ സ്റ്റേഷനിലെ അധിക വൈദ്യുതി കെഎസ്ഇബിക്ക് കൈമാറും. ആധുനിക രീതിയിലുള്ള നീന്തല്‍കുളം, അര്‍ബന്‍ പാര്‍ക്ക് ഉള്‍പ്പെടെ അറുപതു കോടിയോളം രൂപ ചെലവിടുന്ന ബൃഹദ്  പദ്ധതിയാണ് വേളിയില്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വേളി ടൂറിസ്റ്റ് വില്ലേജില്‍  പ്രവേശന കവാടത്തിന്‍റെ എതിര്‍വശത്തുള്ള ഭൂമിയിലാണ്  ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നത്.  കണ്‍വെന്‍ഷന്‍ സെന്‍റര്‍, ആര്‍ട്ട് കഫേ, അര്‍ബന്‍ വെറ്റ്ലാന്‍ഡ് നാച്വറല്‍ പാര്‍ക്ക് എന്നിവ യാഥാര്‍ത്ഥ്യമാകുന്നതോടെ വേളിയുടെ മുഖച്ഛായമാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 
വേളിയെ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികള്‍ എത്തുന്ന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ടൂറിസം വകുപ്പ് അക്ഷീണ പരിശ്രമത്തിലാണെന്നും  അതിന്‍റെ ഭാഗമായാണ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവിടുന്ന 125 കോടിരൂപയില്‍ 60  കോടിയോളം രൂപയുടെ  വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേളിയില്‍ ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കിയതെന്നും ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ടൂറിസം-സഹകരണ-ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 
മുന്‍പെങ്ങും ഇല്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ വേളിയില്‍ നടക്കുന്നത്. 60 ല കോടി രൂപയുടെ പദ്ധതികളില്‍ 20  കോടിയോളം രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായി. 3.6 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ അടുത്തവര്‍ഷം ജനുവരി മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മിനിയേച്ചര്‍ റെയില്‍വേയില്‍ കുട്ടികള്‍ക്കായി സോളാറില്‍ പ്രവര്‍ത്തിക്കുന്ന ടോയി ട്രെയ്ന്‍, ട്രാക്ക്, സ്റ്റേഷന്‍, സ്റ്റീല്‍ ബ്രിഡ്ജ് എന്നിവയാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് കിലോമീറ്ററോളം  യാത്രചെയ്യാവുന്ന മിനിയേച്ചര്‍ ട്രെയിനിന്‍റെ മൂന്ന്  ബോഗികളിലായി 45 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.
5 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച അര്‍ബന്‍ പാര്‍ക്കില്‍ പ്രവേശന കവാടം, ആംഫി തിയേറ്റര്‍, നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, സ്ട്രീറ്റ് ലൈറ്റ്, സ്ട്രീറ്റ് ഫര്‍ണിച്ചര്‍, വൈദ്യുതീകരണം, ചുറ്റുമതില്‍, ലാന്‍ഡ്സ്കേപ്പിംഗ്, കുട്ടികളുടെ കളിസ്ഥലം എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് ഈ രണ്ടു പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്.
2.5 കോടി രൂപ ചെലവിട്ടാണ് നീന്തല്‍ക്കുളവും പാര്‍ക്കും വികസിപ്പിച്ചിരിക്കുന്നത്. ലാന്‍ഡ്സ്കേപ്പിംഗ്, ടിക്കറ്റ് കൗണ്ടര്‍, കഫറ്റീരിയ, ആംഫിതിയേറ്റര്‍, കുളത്തിന്‍റെ നവീകരണം, ചുറ്റുമതില്‍, ഡ്രെയിനേജ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഡബ്ല്യുഎപിസിഒഎസ് ലിമിറ്റഡാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്.
 വി.എസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍  കെ.ശ്രീകുമാര്‍, കെടിഡിസി ചെയര്‍മാന്‍  എം.വിജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. ടൂറിസം സെക്രട്ടറി  റാണി ജോര്‍ജ് ഐഎഎസ് സ്വാഗതം പറഞ്ഞു. ടൂറിസം ഡയറക്ടര്‍  പി ബാല കിരണ്‍ ഐഎഎസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടൂറിസം ജോയിന്‍റ് ഡയറക്ടര്‍  കെ രാജ്കുമാര്‍ നന്ദി പറഞ്ഞു. ടൂര്‍ഫെഡ് ചെര്‍മാന്‍  സി.അജയകുമാര്‍, വെട്ടുകാട് കൗണ്‍സിലര്‍  മേരി ലില്ലി രാജാസ്, കെടിഐഎല്‍ സിഎംഡി  കെ ജി മോഹന്‍ലാല്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *