April 27, 2024

മാവോയിസ്റ്റുകള്‍ മരിച്ചു വീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാരിനില്ല – മുഖ്യമന്ത്രി

0
  
തിരുവനന്തപുരം: ആളുകൾ മാവോയിസ്റ്റായി പോയാൽ മരിച്ചുവീഴേണ്ടവരാണെന്ന നിലപാട് സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം വയനാട്ടിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റായ വേൽമുരുകൻ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകളാണ്. ആത്മരക്ഷാർഥമാണ് പോലീസ് തിരിച്ചു വെടിവെച്ചത്. മുൻകരുതൽ നടപടികൾ സ്വീകരിച്ചതിനാൽ പോലീസിന്റെ ഭാഗത്ത് ആൾനാശമോ പരിക്കോ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാവോയിസ്റ്റ് പ്രവർത്തനങ്ങളെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ വടക്കൻ ജില്ലകളിൽ പോലീസിന്റെ നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ മീൻമുട്ടിൽ ചൊവ്വാഴ്ച രാവിലെ നീരീക്ഷണം നടത്തിവന്ന തണ്ടർബോൾട്ട് സംഘത്തിന് നേരെയാണ് മാവോയിസ്റ്റ് സംഘത്തിന്റെ ആക്രമണമുണ്ടായത്. അൽപ സമയത്തെ ഏറ്റുമുട്ടലിന് ശേഷം സംഘം രക്ഷപ്പെട്ടു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യൂണിഫോം ധാരിയായ ഒരാൾ മരിച്ച് കിടക്കുന്നത് കാണുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മരിച്ച മാവോയിസ്റ്റിന്റെ കൈവശം 303 റൈഫിളുമുണ്ടായിരുന്നു. ആയുധ ധാരികളായ അഞ്ചിലധികം പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ഏതെങ്കിലും തരത്തിൽ ആളെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ ഒരു കാര്യമല്ല ഇതെന്നാണ് പ്രാഥമിക നിഗമനം. മറ്റുകാര്യങ്ങൾ വിശദമായി അന്വേഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *