പാണ്ടിക്കടവ് -അമ്പലവയൽ റൂട്ടിലൂടെ മാനന്തവാടിയിൽ നിന്നും ബസ് റൂട്ട് അനുവദിക്കണമെന്ന് യൂത്ത് ലീഗ്
മാനന്തവാടി :ജനങ്ങൾ തിങ്ങി താമസിക്കുന്ന പാണ്ടിക്കടവ്, അമ്പലവയൽ, റൂട്ടിലൂടെ മാനന്തവാടി നിന്നും ബസ് റൂട്ട് അനുവദിക്കണമെന്ന് എടവക അമ്പലവയൽ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് കെ.എസ്.ആർ.ടി.സി.മാനന്തവാടി അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർക്ക് നിവേദനം നൽകിയതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മാനന്തവാടി നിന്നും മൂന്ന് കിലോമീറ്റർ ദൂരപരിധിയുള്ള അമ്പലവയലിൽ നിന്നും നൂറ് കണക്കിന് ആളുകളാണ് ഉപജീവനമാർഗ്ഗത്തിന് വേണ്ടി ഏറ്റവും അടുത്തുള്ള ടൗൺ ആയ മാനന്തവാടിയെ ആശ്രയിക്കുന്നത്.ഇതിന് പുറയെ സമീപ പ്രദേശങ്ങളിലുള്ള പി.കെ.കാളൻ മെമ്മോറിയൽ കോളേജ്, ഹെൽത്ത് സെൻ്റർ, പ്രസിദ്ധമായ തിറ ഉത്സവം, മുസ്ലിം പള്ളി, കുരിശ് പള്ളി, പയിങ്ങാട്ടേരി സ്കൂൾ, നല്ലൂർ നാട് വില്ലേജ് ഓഫീസ്, തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാൻ
ബസ് സർവ്വീസ് ഇല്ലാത്തതിനാൽ ജനങ്ങൾ ഏറെ ദുരിതം പേറുകയാണ്. ഇവിടങ്ങളിലേക്ക് പോകാൻ ഏക ആശ്രയം ഓട്ടോറിക്ഷകൾ മാത്രമാണ്. ഭീമമായ തുകയാണ് ഇതിന്നായി യാത്രക്കാർ മുടക്കേണ്ടി വരുന്നത്.
കാർഷിക മേഖലയായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് എന്ത് ആവശ്യത്തിനും മാനന്തവാടിയെ മാത്രമാണ് ആശ്രയിക്കുന്നത്.
പൊതുജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണാനായി ബസ്സ് സർവ്വീസ് ഉടനടി ആരംഭിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാർ ഒപ്പിട്ട ഭീമ ഹർജിയും കെ.എസ്.ആർ.ടി.സി അധികൃതർക്ക് സമർപ്പിച്ചു.പത്രസമ്മേളനത്തിൽ പി.വി.സമദ്, ശിഹാബ് മലബാർ, സി. നദീർ, ഫൈസൽ വടക്കേൽ എന്നിവർ സംബന്ധിച്ചു.
Leave a Reply