ആതുര സേവന ദൗത്യവുമായി നാളെ പാലിയേറ്റീവ് ദിനം
പാലിയേറ്റീവ് സന്ദേശം പ്രചരിപ്പിക്കുക, കൂടുതല്‍ രോഗികള്‍ക്ക് പരിചരണം ലഭ്യമാക്കുക എന്ന ദൗത്യവുമായി നാളെ പാലിയേറ്റീവ് ദിനം. ജില്ലയില്‍ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് മാനന്തവാടി, വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികളിലും, പനമരം സി.എച്ച്.സി പരിധിയിലും അതത് പാലിയേറ്റീവ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ രോഗികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തും. കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള വിവിധ പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ദിനാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ജില്ലയിൽ 26 പ്രൈമറി പാലിയേറ്റീവ് കെയർ യൂണിറ്റുകളും, 14 സെക്കണ്ടറി പാലിയേറ്റീവ് കെയർ യൂണിറ്റുകളുമാണ് പ്രവർത്തിക്കുന്നത്. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രാഥമിക തലത്തില്‍ ഗൃഹ കേന്ദ്രീകൃത പരിചരണം, ഒ.പി പരിചരണ സാമഗ്രികള്‍ നല്‍കല്‍, സാമൂഹിക പിന്തുണ, ബോധവത്കരണ പരിശീലന പരിപാടികള്‍ എന്നിവയാണ് നടപ്പിലാക്കുന്നത്. ജില്ലയിലെ എല്ലാ നഗരസഭകളിലും, ഗ്രാമപഞ്ചായത്തുകളിലും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. 8194 രോഗികളാണ് പ്രാഥമിക തല പരിചരണത്തിനായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കമ്മ്യൂണിറ്റി നഴ്‌സുമാര്‍, ആശ പ്രവര്‍ത്തകര്‍, ആരോഗ്യ വിഭാഗം ഫീല്‍ഡ് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് പ്രാഥമിക തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലും കോവിഡ് മാനദ്ണ്ഡങ്ങള്‍ പാലിച്ച് രോഗികള്‍ക്ക് സാന്ത്വനമേകാന്‍ പാലിയേറ്റീവ് കെയറിന് പ്രാഥമിക തലത്തില്‍ സാധിച്ചിരുന്നു. ജില്ലയില്‍ 800 പേരാണ് പ്രതിഫലമൊന്നും വാങ്ങാതെ പരിശീലനം പൂര്‍ത്തിയാക്കി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ബത്തേരി താലൂക്ക് ആശുപത്രിയിയാണ് പരിശീലന കേന്ദ്രം. ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്കായി ജീവനം പദ്ധതിയും, ക്യാന്‍സര്‍ രോഗികള്‍ക്കായി പ്രത്യാശ പദ്ധതിയും മേഖലയില്‍ നടപ്പിലാക്കിയിട്ടുണ്ട്.
Leave a Reply