April 26, 2024

മെഡിക്കൽ കോളജ് മടക്കിമലയിൽ തന്നെ വേണം: സ്വതന്ത്ര കർഷക സംഘം

0
കൽപ്പറ്റ: വയനാട് സർക്കാർ മെഡിക്കൽ കോളജ് യു.ഡി.എഫ് തറക്കല്ലിട്ട മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.   ഇടത് സർക്കാർ കഴിഞ്ഞ നാലര വർഷം മെഡിക്കൽ കോളജിന്റെ കാര്യത്തിൽ കാണിച്ച അനാസ്ഥയും ഉദാസീനതയും    വയനാട്ടുകാരുടെ പ്രതീക്ഷ തകർത്തിരിക്കയാണ്. യു.ഡി.എഫ് സർക്കാർ കണ്ടെത്തിയ ഭൂമിയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള സർക്കാറിന്റെ ദുരഭിമാനം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പുതിയ സ്ഥലം വിലക്കു വാങ്ങി മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള ശ്രമം അഴിമതിക്കു വഴിവെക്കുമെന്നും വയനാടിന്റെ സ്വപ്ന പദ്ധതി നീണ്ടു പോവാൻ ഇടയാക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. കൈനാട്ടിയിലെ ജനറൽ ആസ്പത്രിയിൽ താൽക്കാലികമായി മെഡിക്കൽ കോളജ് തുടങ്ങാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഖാലിദ് രാജ ഉദ്ഘാടനം ചെയ്തു. ഇടത് സർക്കാറിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെയും ദില്ലിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും രക്ത സാക്ഷി ദിനമായ 30ന് മൂന്നു മണ്ഡലങ്ങളിലും ഫാർമേഴ്സ് സ്ക്വയർ നടത്തും. ദില്ലിയിൽ  ട്രാക്ടർ റാലി നടക്കുന്ന റിപ്പബ്ലിക് ദിനത്തിൽ മൂന്നു മണ്ഡലങ്ങളിലും ട്രാക്ടർ റാലി നടത്താനും തീരുമാനിച്ചു. രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയുടെ ജില്ലയിലെ മൂന്നു പരിപാടികളും വിജയിപ്പിക്കാനും, യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ വയനാട്ടിലെ കർഷക ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകാനും തീരുമാനിച്ചു. വയനാട്ടിൽ ജലസേചന വകുപ്പിന്റെ നിർദ്ദിഷ്ട പദ്ധതികളായ തൊണ്ടർ, കരമാൻ തോട് എന്നിവയെ കുറിച്ച് ഉയർന്ന ആശങ്കകൾ പഠിക്കാൻ സ്വതന്ത്ര കർഷക സംഘം പ്രതിനിധികൾ പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കും. കർഷകർ കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുമ്പോഴും ബേങ്കുകൾ ജപ്തി നോട്ടീസുകളുമായി കർഷകരെ സമീപിക്കുന്നത് നിർത്തിവെക്കുക, മഴയിൽ കാർഷികോൽപ്പന്നങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളു യോഗം ഉന്നയിച്ചു. ബാവ ഹാജി ചീരാൽ, എം. അന്ത്രു ഹാജി, സി. മുഹമ്മദ്, സി.കെ.അബുബക്കർഹാജി, ഉസ്മാൻ മേമന, കെ.പി.എ.ലത്തീഫ്, പി.കെ.മൊയ്തീൻ കുട്ടി പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് സ്വാഗതവും സെക്രട്ടറി കല്ലിടുമ്പൻ ഹംസ ഹാജി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *